ചെക്ക് റിപ്പബ്‌ളിക്കിനെ നയിക്കാന്‍ ശതകോടീശ്വരന്‍ അന്‍ന്ദ്രെ ബാബിസ്

2017-11-14 11:46:27

പ്രാഗ്: തെരഞ്ഞെടുപ്പുകള്‍ എന്നും രാഷ്ട്രീയമണ്ഡലത്തില്‍ പുതുമ നല്‍കുന്ന വിഷയങ്ങളാണ്. പ്രത്യേകിച്ച് നിലവിലെ ഭരണത്തിനു തിരിച്ചടി നല്‍കിക്കൊണ്ടുള്ള പ്രതിപക്ഷത്തിന്റെ മുന്നേറ്റവും, വിജയവും വോട്ടറന്മാര്‍ക്കിടയില്‍ ചൂടുപിടിച്ച ചര്‍ച്ചകളും വിവാദങ്ങളുമായി കത്തി നില്‍ക്കുമ്പോള്‍ സാധാരണക്കാരായ പൗരന്മാരുടെ സമാധാന ആശങ്കകള്‍ക്ക് ഭംഗം വരുമോ എന്നുള്ള ചിന്ത മറ്റു അയല്‍രാജ്യങ്ങളെയും ആകര്‍ഷിയ്ക്കാറുണ്ട്. അതുതന്നെയാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ ചെക്ക് റിപ്പബ്‌ളിക് രാജ്യത്തു നടന്ന പാര്‍ലമെന്റ് പൊതുതെരഞ്ഞെടുപ്പിന്റെ ഫലം വെളിവാക്കുന്നത്.

അതുകൊണ്ടുതന്നെ യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധതയും അഭയാര്‍ത്ഥി കുടിയേറ്റ നിഷേധവും, ആന്റി ഇസ്‌ളാം പായ്ക്കറ്റും വോട്ടായി മാറി. തീവ്രവലതുപക്ഷം അല്ലെങ്കിലും വലതു പക്ഷത്തിന്റെ ചൂടും ചൂരും പേറി എഎന്‍ ഓ(ആന്റി കറപ്ഷന്‍ ആന്റി യൂറോ) പാര്‍ട്ടിയദ്ധ്യക്ഷന്‍ അന്‍ന്ദ്രെ ബാബിസ് (63) ഭരണത്തിലേറുമെന്നുറപ്പായി. ചെക്ക് റിപ്പബ്‌ളിക്കിന്റെ അഭിനവ ട്രംപ് എന്നു വിശേഷിപ്പിയ്ക്കപ്പെടുന്ന ബാബിസ് രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് സമ്രാജ്യത്തിന്റെ ഉടമയും രാജ്യത്തെ രണ്ടാമത്തെ കോടീശ്വരനുമാണ്.

ഒന്‍പതു പാര്‍ട്ടികള്‍ മല്‍സരിച്ച പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശതകോടീശ്വരനായ ബിസിനസുകാരന്‍ അന്‍ന്ദ്രെ ബാബിസ് വലിയ വിജയം തന്നെ കൈവരിച്ചു. 29.7% വോട്ടാണ് അദ്ദേഹത്തിന്റെ എഎന്‍ഒ പാര്‍ട്ടി നേടിയത്. 200 അംഗ പാര്‍ലമെന്റില്‍ 78 സീറ്റു നേടി വലിയ ഒറ്റക്കക്ഷിയായി. ആന്റി യൂറോ വലതുപക്ഷ പാര്‍ട്ടിയായ ഒഡിഎസ് 11.3 ശതമാനം വോട്ടോടെ 25 അംഗങ്ങളെ പാര്‍ലമെന്റില്‍ എത്തിയ്ക്കാനായി.

അതുകൊണ്ടുതന്നെ പാര്‍ലമെന്റിലെ അധോസഭയില്‍ ഇരുകക്ഷികളും കൂടി ഭൂരിപക്ഷമുണ്ടാക്കി ഭരണം കൈയ്യാളാനുള്ള ശ്രമത്തിലാണ്. ഭരണഘടനയനുസരിച്ച് ഏറ്റവും കൂടുതല്‍ സീറ്റു നേടുന്ന പാര്‍ട്ടിയുടെ നേതാവിനെയാണ് പ്രസിഡന്റ് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിയ്ക്കുന്നത്. താന്‍ യൂറോപ്പിന് അനുകൂലമെന്നും ജനാധിപത്യ വിരുദ്ധനല്ലെന്നും തെരഞ്ഞെടുപ്പു വിജയത്തെ തുടര്‍ന്നുള്ള പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയെങ്കിലും പിലവിധതടയിണകള്‍ പുതിയ സര്‍ക്കാര്‍ നടപ്പിലാക്കുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. അതു ചിലപ്പോള്‍ യൂറോപ്യന്‍ യൂണിയനുതന്നെ ഭീഷണിയായേക്കും. എന്നാല്‍ ബാബിസ് റഷ്യന്‍ പ്രസിഡന്റ് പുടിന്റെ സുഹൃത്തല്ലതാനും.

ഒരു ബിസിനസുകാരന്റെ മോഹിപ്പിയ്ക്കുന്ന വാഗ്ദാനം നടത്തിയാണ് ബാബിസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കൈക്കൂലി അവസാനിപ്പിയ്ക്കും, സമ്പദ് വ്യവസ്ഥ കൂടുതല്‍ മെച്ചപ്പെടുത്തി ജീവിതനിലവാരം ഉയര്‍ത്തും എന്നൊക്കെ തെരഞ്ഞെടുപ്പു വിഷയങ്ങളാക്കി ഉയര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി വളരെയാണ്. വിശാലമായ അഗ്രോകെമിക്കല്‍ സാമ്രാജ്യം, രാജ്യത്തിന്റെ രണ്ടു പ്രധാന ദിനപത്രങ്ങള്‍, ഒരു റേഡിയോ സേ്റ്റഷന്‍ എന്നിവയെല്ലാം സ്‌ളോവാക്കിയന്‍ അടിവേരുള്ള ബാബിസിന് സ്വന്തമാണ്. ഈ വര്‍ഷം ഫോര്‍ബ്‌സ് മാസികയുടെ കണക്കനുസരിച്ച് 4.1 ബില്യണ്‍ യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

പ്രധാനമന്ത്രി ബൊഹുസ്ലവ് സബോട്കയുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ 7.2% ആണ് വോട്ട് നേടിയത്. 1993 കാലം മുതലുള്ള അവരുടെ ഏറ്റവും മോശം ഫലമാണ് ഇത്തവണയുണ്ടായത്. കാരണം ഭരണത്തിലെ അരാജകത്വം തന്നെ.

ചെക്ക് രാജ്യത്ത് സാമ്പത്തികമായി ദ്രുതഗതിയിലുള്ള വളര്‍ച്ച ഉണ്ടായെങ്കിലും, സമതുലിതമല്ലാത്ത ബജറ്റും കഴിഞ്ഞ നാലു വര്‍ഷത്തിനിടെ യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയും അനുഭവപ്പെട്ടത് രാജ്യത്തിനു വലിയ തിരിച്ചടിയായി. ഒരു മുന്നണിയായി സര്‍ക്കാര്‍ നയിച്ച സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്കാവട്ടെ ജനത്തിന്റെ ഇച്ഛയ്ക്കനുസരിച്ച് ഭരണം മുതലാക്കാന്‍ കഴിഞ്ഞില്ല.

1999 ല്‍ നാറ്റോയിലും 2004 ല്‍ യൂറോപ്യന്‍ യൂണിയനിലും ചെക്കുകാര്‍ അംഗമായി. എന്നാലിതുവരെയായി യൂറോ നാണയമായി രാജ്യക്കാര്‍ സ്വീകരിച്ചിട്ടില്ല. ചെക്ക് കോറുണയാണ് രാജ്യത്തിന്റെ നാണയം. 2016 ലെ കണക്കനുസരിച്ച് രാജ്യത്തെ ജനസംഖ്യ 10,6 മില്യണ്‍ ആണ്.പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റില്‍ 81 അംഗങ്ങളാണുള്ളത്.

സെനറ്റിന്റെ കാലാവധി ആറു വര്‍ഷമാണ്. എന്നാല്‍ ഓരോ രണ്ടു വര്‍ഷത്തിലൊരിയ്ക്കലും ഇതിലെ മൂന്നിലൊന്ന് അംഗങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും. രണ്ടു റൗണ്ടുള്ള തെരഞ്ഞെടുപ്പില്‍ യദ്യറൗണ്ടില്‍ മുന്നില്‍ വരുന്നയാളാണ് തെരഞ്ഞെടുക്കപ്പെടുന്നത്. അല്ലെങ്കില്‍ 50 ശതമാനം വോട്ടെങ്കിലും നേടുന്നവര്‍ സെനറ്റില്‍ അംഗമാവും. ഒരു പ്രസിഡന്റും നാലു വൈസ് പ്രസിഡന്റുമാണ് സെനറ്റിന്റെ ഭാഗമായിട്ടുള്ളത്. സെനറ്റിന് പാര്‍ലമെന്റിന്റെ അധികാരങ്ങളില്‍ കൈ കടത്താനാവില്ലതാനും.

രാജ്യത്തേയ്ക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് പ്രതിഷേധിച്ചാണ് ഇപ്പോള്‍ യൂറോപ്പില്‍ വീശുന്ന രാഷ്ര്ടീയകാറ്റിന്റെ മാറ്റം. രണ്ട് മുഖ്യധാരാ കേന്ദ്രങ്ങളായി വലതു പാര്‍ട്ടികളും ഇടത് പാര്‍ട്ടികളും തങ്ങളുടെ മേധാവിത്വം ഉറപ്പിച്ചു ഭരിച്ചതിന്റെ അര നൂറ്റാണ്ടിനിടയിലാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലവില്‍ തീവ്രവലതുപക്ഷം ഏറെ ശക്തമായി അധികാരത്തിന്റെ ഇരിപ്പിടങ്ങളില്‍ ഏറുന്നത്.

ഇങ്ങനെ പോകുകയനെഗിൽ ഒരു ആന്ദ്രേ ബേബീസിന്റെ ഇതിഹാക വിജയം ഉറ്റുനോക്കുകയാണ് ലോക നേതാക്കന്മാർ
കഴിഞ്ഞയാഴ്ചയില്‍ ഇതേ അനുഭവം തന്നെ ഓസ്ട്രിയന്‍ തെരഞ്ഞെടുപ്പിലും, സെപ്റ്റംബര്‍ 24 ന് ജര്‍മനിയില്‍ നടന്ന തെരഞ്ഞെടുപ്പിലും പ്രകടമായി. അതേ പാതയാണ് ഇപ്പോള്‍ ചെക്കിലും ഉണ്ടായിരിയ്ക്കുന്നത്. ജര്‍മനിയില്‍ മെര്‍ക്കല്‍ പാര്‍ട്ടിയ്ക്ക് വോട്ടുകുറഞ്ഞെങ്കിലും അധികാരം നഷ്ടമായില്ല.
Contact us: info@thekeralatoday.com, createandp@gmail.com