ഓസ്ട്രിയയിൽ ഫോൺ നഷ്ടമായി, കിട്ടിയത് മറ്റൊരു യുഎഇ യുവതിക്ക്; പിന്നെ സംഭവിച്ചത്

2017-11-14 11:46:27

ഷാർജ ∙ ഒാസ്ട്രിയയിൽ അവധി ആഘോഷിക്കാൻ പോയ യുഎഇ സ്വദേശിനിയുടെ നഷ്ടപ്പെട്ട ഫോൺ യുഎഇ സ്വദേശിയായ മറ്റൊരു യുവതിയ്ക്ക് ലഭിച്ചു. ഈ ഫോൺ പൊലീസിൽ ഏൽപ്പിക്കുകയും ഉടമസ്ഥയെ കണ്ടെത്തണമെന്ന് അഭ്യർഥിക്കുകയും ചെയ്ത യുവതിയെ ഷാർജ പൊലീസ് അഭിനന്ദിച്ചു. അവധി ആഘോഷത്തിനിടെ നഷ്ടമായ ഫോൺ തിരികെ ലഭിക്കില്ലെന്നു കരുതിയാണ് യുവതി തിരികെ നാട്ടിലേക്ക് പോന്നത്. എന്നാൽ, അവധി ആഘോഷത്തിന് പോയ മറ്റൊരു എമിറേറ്റ് യുവതിക്ക് ഫോൺ ലഭിക്കുകയായിരുന്നു. ഗൾഫ് രാജ്യത്ത് പ്രത്യേകിച്ച് യുഎഇയിൽ എവിടെയോ ഉള്ള ആരുടെയോ ഫോൺ ആണെന്നു തിരിച്ചറിഞ്ഞ യുവതി ഫോൺ കയ്യിൽ സൂക്ഷിച്ചു.

തിരികെ യുഎഇയിൽ എത്തിയപ്പോൾ കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ അൽ ദഹിദ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഇതിന്റെ ഉടമസ്ഥരെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഫോൺ പരിശോധിച്ച പൊലീസ്, ഇതിൽ ഉള്ളത് ഒാസ്ട്രിയൻ സിം കാർ‍ഡ് ആണെന്ന് മനസിലാക്കി. അവധി ആഘോഷിക്കാൻ ഒാസ്ട്രിയയിൽ പോയ യുവതിയുടെതാണ് സിം കാർഡെന്ന് തിരിച്ചറിഞ്ഞു. 

പൊലീസ് മൊബൈൽ ഫോണിന്റെ ഉടമസ്ഥയെ ബന്ധപ്പെടുകയും സ്റ്റേഷനിലെത്തി ഫോൺ കൈപ്പറ്റാൻ ആവശ്യപ്പെടുകയും ചെയ്തു. ഫോൺ ഒാസ്ട്രിയയിൽ നഷ്ടപ്പെട്ടുവെന്നു കരുതിയ യുവതിയ്ക്ക് ഏറെ സന്തോഷം നൽകുന്നതായിരുന്നു പൊലീസിന്റെ സന്ദേശം. ഒരിക്കലും തിരികെ ലഭിക്കില്ലെന്നു കരുതിയ ഫോൺ ആണിതെന്നും യുവതി പറഞ്ഞു. 

ഫോൺ തിരികെ ഉടമസ്ഥനെ ഏൽപ്പിക്കാൻ യുഎഇ സ്വദേശിയായ യുവതി കാണിച്ച സത്യസന്ധതയെ സെൻട്രൽ പൊലീസ് റീജിയൻ ഡയറക്ടർ കേണൽ അഹമ്മദ് ബിൻ ദർവേശ് അഭിനന്ദിച്ചു. അതിനായി അവർ നടത്തിയ പരിശ്രമത്തെയും പൊലീസ് അഭിനന്ദിച്ചു. വിദേശത്ത് യാത്ര ചെയ്യുന്നവർ അവരുടെ സാധന സാമഗ്രികൾ സൂക്ഷിക്കണമെന്ന് കേണൽ മുന്നറിയിപ്പ് നൽകി. സ്വകാര്യ വിവരങ്ങളും ചിത്രങ്ങളുമുള്ള മൊബൈൽ ഫോൺ പോലുള്ളവ പ്രത്യേകം സൂക്ഷിക്കണം. എന്തെങ്കിലും കാരണവശാൽ ഫോൺ നഷ്ടപ്പെട്ടാൽ ഇതിലെ വിവരങ്ങൾ ചോർത്തി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Contact us: info@thekeralatoday.com, createandp@gmail.com