സൗദി ഭരണകൂടത്തെ ഞെട്ടിച്ച സംഭവം : പിന്നില്‍ ഒരു രാഷ്ട്രത്തിന്റെ കുടിലബുദ്ധി

2017-11-09 14:52:37റിയാദ്: സൗദി അറേബ്യയില്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കടുത്ത നിലപാടിന് പിന്നില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഇടപെടലുണ്ടെന്ന് റിപ്പോര്‍ട്ട്.
ഐ.എസ് സൗദിയില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നതു സംബന്ധിച്ച സി.ഐ.എ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ട്രംപ് സൗദി കിരീടാവകാശിയുമായി പങ്കുവച്ചിരുന്നു.
ഐ.എസിനെ സഹായിക്കുന്നത് ഖത്തറാണെന്ന  വാദമാണ് അമേരിക്ക തുടക്കം മുതല്‍ ആരോപിക്കുന്നത്.

 

സൗദിയിലെ നിലവിലെ കര്‍ശന നിയമങ്ങളില്‍ അസംതൃപ്തിയുള്ള യുവ സമൂഹം അവസരം ലഭിച്ചാല്‍ അപകടകാരികളായി മാറുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.
രാജ്യത്ത് ഭീകര ആക്രമണത്തിന് തുനിഞ്ഞവരില്‍ കൂടുതലും സൗദി പൗരന്മാരാണ് എന്നത് സൗദി ഭരണകൂടത്തെ ഞെട്ടിച്ച സംഭവമാണ്.

വിശുദ്ധ മക്ക ഉള്‍പ്പെടുന്ന സൗദിയെ ആക്രമിച്ച് കീഴ്‌പ്പെടുത്തി യഥാര്‍ത്ഥ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുമെന്നാണ് ഐ.എസ് മുന്നറിയിപ്പ്. അടുത്തയിടെ ഐ.എസ് തീവ്രവാദികളെ പ്രതിരോധ കേന്ദ്രത്തില്‍ ആക്രമണം നടത്തുന്നതിനു മുന്‍പ് സൗദി സുരക്ഷാ സേന പിടികൂടിയിരുന്നു. ഏറ്റുമുട്ടലില്‍ നിരവധി തീവ്രവാദികളടക്കമുള്ളവര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇതേതുടര്‍ന്ന് സൗദിയില്‍ വ്യാപകമായി നടത്തിയ പരിശോധനയിലും നിരവധി പേര്‍ അറസ്റ്റിലായിരുന്നു.

ഈ വെല്ലുവിളികള്‍ക്കിടയിലാണ് ഭരണത്തിലെ ‘വെല്ലുവിളികളും’ സൗദി കിരീടവകാശി ഇപ്പോള്‍ നേരിട്ടിരിക്കുന്നത്.
ഇപ്പോഴും സൗദിയുടെ പഴയ ‘ചട്ടക്കൂടില്‍’ ഉറച്ച് നില്‍ക്കുന്നവരാണ് ഒറ്റയടിക്ക് അഴിമതി കേസുകളില്‍ അകത്തായ രാജകുടുംബാംഗങ്ങളും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍.

പുതിയ തലമുറയുടെ താല്‍പര്യത്തിന് അനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇവര്‍ തടസ്സമാകാനുള്ള സാഹചര്യവും ഇതോടെ ഒഴിവായി. സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നതുള്‍പ്പെടെ പുരോഗമനപരമായ ചില നടപടികള്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വീകരിച്ചതിനോട് ഇപ്പോള്‍ അറസ്റ്റിലായവര്‍ക്ക് യോജിപ്പില്ലായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.
സൗദിയെ മറികടന്ന് കൊച്ചു രാജ്യമായ ഖത്തര്‍ അറബ് രാജ്യങ്ങളുടെ നായകസ്ഥാനത്തേക്ക് ഭാവിയില്‍ എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളെയും പുതിയ സൗദി കിരീടവകാശി ഗൗരവമായാണ് കാണുന്നത്.

സൗദി അറേബ്യയില്‍ നടന്ന അഴിമതി വിരുദ്ധ വേട്ടയില്‍ അറസ്റ്റിലായ രാജകുമാരന്‍മാരില്‍ പ്രമുഖനായ അന്‍വാലിദ് ബിന്‍ തലാല്‍ ട്രംപിന്റെ കടുത്ത ശത്രുവാണ്. ലോകത്തിലെ വന്‍ നിര സമ്പന്നരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള അന്‍വാലിദ് മുന്‍പ് സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടിരുന്ന ട്രംപിനെ സഹായിച്ചിട്ടുണ്ട്.

പ്രസിഡന്റ് പദവിയെത്തുന്നതിന് മുന്‍പ് ട്രംപ് കടക്കെണിയില്‍ പെട്ടു നിന്ന സമയത്താണ് അന്‍വാലിദ് രാജകുമാരന്‍ സാമ്പത്തികമായി സഹായിച്ചിരുന്നത്. പിന്നീട് ഇത് സംബന്ധിച്ചുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ഇരുവരും ശത്രുക്കളായത്.

അന്‍വാലിദ് രാജകുമാരന്‍ അറസ്റ്റിലായ വാര്‍ത്ത അറിഞ്ഞശേഷം ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രതികരണവും ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ‘അന്‍വാലിദ് തലാല്‍ അച്ഛന്റെ പണമുപയോഗിച്ച് യുഎസ് രാഷ്ട്രീയക്കാരെ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ അത് നടക്കാതെ വന്നു’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

അന്‍വാലിദിന്റെ ആസ്തി ഏകദേശം 17000 കോടി ഡോളറാണ്.
സൗദി രാജകുടുംബത്തിലെ ഇളമുറക്കാരായ പതിനൊന്ന് രാജകുമാരന്മാര്‍, നാല് മന്ത്രി സഭാംഗങ്ങള്‍, പന്ത്രണ്ട് മുന്‍ മന്ത്രിമാര്‍ എന്നിവരാണ് അറസ്റ്റിലായത്. അഴിമതിക്കേസുകളില്‍ അറസ്റ്റിലായവരുടെ വസ്തുവകകള്‍ രാജ്യത്തിന്റെ സ്വത്തായി രജിസ്റ്റര്‍ ചെയ്യാനാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. നിലവില്‍ അല്‍വാലിദ് അടക്കമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്

.
ലോകത്തെ പ്രമുഖ കിംഗ്ഡം ഹോള്‍ഡിംഗ്‌സ് കമ്പനിയുടെ ചെയര്‍മാന്‍ കൂടിയാണ് അന്‍വാലിദ്, ഇയാളുടെ അറസ്റ്റിനു ശേഷം കിംഗ്ഡം ഹോള്‍ഡ്‌സിന്റെ ഓഹരിവിലയില്‍ 9.9 ശതമാനം ഇടിവ് നേരിട്ടു. ആപ്പിള്‍ ട്വിറ്റര്‍ കമ്പനികളിലും റുപേര്‍ട്ട് മര്‍ഡോക്കിന്റെ കോര്‍പറേഷനിലും അന്‍വലീദിന് ഓഹരികളുണ്ട്.
Contact us: info@thekeralatoday.com, createandp@gmail.com