ആഡംബരം നിറച്ച് ‘പസറ്റ്’ എത്തി; വില 29.99 ലക്ഷം മുതൽ

2017-11-09 18:21:48>ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ ഇന്ത്യയുടെ ആഡംബര സെഡാനായ ‘പസറ്റ്’ വിൽപ്പനയ്ക്കെത്തി. 2014ൽ പാരിസ് മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച കാറിന് ഇന്ത്യയിലെത്തുമ്പോൾ 29.99 മുതൽ 32.99 ലക്ഷം രൂപ വരെയാണു ഡൽഹി ഷോറൂമിലെ വില. ‘എം ക്യു ബി’ പ്ലാറ്റ്ഫോം അടിത്തറയാവുന്ന പുതിയ ‘പസറ്റി’നു കരുത്തേകുന്നത് രണ്ടു ലീറ്റർ, ടി ഡി ഐ എൻജിനാണ്. 177 പി എസ് വരെ കരുത്ത് സൃഷ്ടിക്കുന്ന ഈ എൻജിനു കൂട്ട് ആറു സ്പീഡ് ഡി എസ് ജി ഓട്ടമാറ്റിക് ഗീയർബോക്സാണ്. പാർക്ക് അസിസ്റ്റ്, ഹെഡ് അപ് ഡിസ്പ്ലേ യൂണിറ്റ്, ഡേ ടൈം റണ്ണിങ് ലാംപ്(ഡി ആർ എൽ) സഹിതം എൽ ഇ ഡി ഹെഡ്ലാംപ് എന്നിവയെല്ലാം സഹിതമാണു പുതിയ പസറ്റി’ന്റെ വരവ്.ഇന്ത്യൻ വിപണിയിൽ ഏറ്റവും വിജയം കൊയ്ത പ്രീമിയം ആഡംബര സെഡാനായ ‘പസറ്റ്’ തിരിച്ചെത്തിക്കാൻ ആഹ്ലാദമുണ്ടെന്ന് ഫോക്സ്വാഗൻ ഗ്രൂപ് സെയിൽ ഇന്ത്യയിലെ ഫോക്സ്‌വാഗൻ പാസഞ്ചർ കാഴ്സ് ഡയറക്ടർ സ്റ്റീഫൻ നാപ് അഭിപ്രായപ്പെട്ടു. ‘പസറ്റി’ന്റെ വരവോടെ ഫോക്സ്വാഗന്റെ ഇന്ത്യ ഉൽപന്നശ്രേണി വിപുലമാവുകയാണ്; ഹാച്ച് ബാക്ക് മുതൽ ആഡംബര സെഡാൻ വരെ കമ്പനി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്.ആഡംബര ജീവിതശൈലിയോടു കിട പിടിക്കുന്ന സ്റ്റൈലിനൊപ്പം കാലാതീതമായ രൂപകൽപ്പനയും തകർപ്പൻ പ്രകടനക്ഷമതയുമൊക്കെ ‘പസറ്റി’ന്റെ സവിശേഷതയാണ്. ആഢ്യപാരമ്പര്യത്തിന്റെ പിൻബലമുള്ള ഈ കാർ ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ ടൊയോട്ടയുടെ ‘കാംറി’, ഹോണ്ട ‘അക്കോഡ്’,  സ്കോഡ ‘സുപർബ്’ തുടങ്ങിയവയോട് ഏറ്റുമുട്ടാനാണ് ‘പസറ്റി’ന്റെ എട്ടാം തലമുറ എത്തുന്നത്. ഇക്കൊല്ലം ഫോക്സ്‌വാഗനിൽ നിന്നുള്ള രണ്ടാമത്തെ പ്രധാന മോഡൽ അവതരണമാണ് ‘പസറ്റ്’; ഇതിനു മുമ്പ് പ്രീമിയം എസ് യു വിയായ ‘ടിഗ്വൻ’ ആണു കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്. 
Contact us: info@thekeralatoday.com, createandp@gmail.com