ആഡംബരക്കപ്പലുകളുടെ കേന്ദ്രമാക്കി

2017-11-09 18:15:24ദോഹ:രാജ്യത്തെ കപ്പല്‍ വിനോദസഞ്ചാര സീസണിന് തുടക്കമിട്ട് ആഡംബരക്കപ്പലായ സീബോണ്‍ എന്‍കോര്‍ ദോഹ തുറമുഖത്ത് വ്യാഴാഴ്ച നങ്കൂരമിടും.>അറുന്നൂറ് യാത്രക്കാരുമായി എത്തുന്ന സീബോണാണ് സീസണിലേക്കുള്ള ആദ്യ ആഡംബരക്കപ്പല്‍. 2017-2018 സീസണിലേക്ക് 21 ആഡംബരക്കപ്പലുകളെയാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ 18 വരെ നീളുന്ന കപ്പല്‍ വിനോദസഞ്ചാര സീസണില്‍ ദോഹ തുറമുഖമാണ് സഞ്ചാരികള്‍ക്ക് സ്വാഗതമോതുന്നത്. ഇത്തവണയെത്തുന്ന അഞ്ച് ആഡംബരക്കപ്പലുകള്‍ ആദ്യമായാണ് ദോഹ തുറമുഖത്ത് നങ്കൂരമിടുന്നത്.അഞ്ച് പുതിയ കപ്പലുകളില്‍ ജര്‍മനിയുടെ മെയിന്‍ സ്‌കിഫ്-5, ഇറ്റാലിയന്‍ എം.എസ്.സി. സ്‌പ്ലെന്‍ഡിഡ എന്നിവ കൂറ്റന്‍ കപ്പലുകളാണ്. എം.എസ്.സി സ്‌പ്ലെന്‍ഡിഡയില്‍ 3,900 യാത്രക്കാരാണുണ്ടാവുക. കഴിഞ്ഞ വര്‍ഷം 3,900 യാത്രക്കാരുമായെത്തിയ എം.എസ്.സി. ഫാന്റസിയ്ക്ക് പകരമാണിത്. 13 പാസഞ്ചര്‍ ഡെക്കും 66 മീറ്റര്‍ ഉയരവുമാണ് കപ്പലിന്റേത്.ആറായിരം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റാന്‍ഡേഡ് ആഡംബരക്കപ്പലുകളേക്കാള്‍ മൂന്നിരട്ടി ശേഷിയുള്ളതാണ് ജര്‍മനിയുടെ മെയിന്‍ സ്‌കിഫ്-5. വലിയ ആഡംബരക്കപ്പലുകള്‍ രാജ്യത്തേക്ക് എത്തുന്നതോടെ കപ്പല്‍ സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും.കഴിഞ്ഞതവണ 47,000 സഞ്ചാരികളാണ് ദോഹയിലെത്തിയത്. ദേശീയ ടൂറിസം മേഖലാപദ്ധതിയുടെ പുതിയ അധ്യായത്തിന് തുടക്കമിട്ട സാഹചര്യത്തില്‍ രാജ്യത്തേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലെ വര്‍ധന നിക്ഷേപകര്‍ക്കുള്ള അവസരം വര്‍ധിപ്പിക്കുമെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി (ക്യു.ടി.എ.) ചീഫ് ടൂറിസം ഡെവലപ്‌മെന്റ് ഓഫീസര്‍ ഹസ്സന്‍ അല്‍ ഇബ്രാഹിം പറഞ്ഞു.

രാജ്യത്തിന്റെ ടൂറിസം മേഖലയിലെ പുതിയ പുരോഗതികള്‍ സംബന്ധിച്ച് പ്രധാന യൂറോപ്യന്‍ ആഡംബരക്കപ്പല്‍ കമ്പനികളുമായുള്ള ചര്‍ച്ച പുരോഗതിയിലാണ്. ദോഹ തുറമുഖത്തെ ആഡംബരക്കപ്പല്‍ ടെര്‍മിനലാക്കി മാറ്റാനുള്ള നവീകരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പങ്കുവെക്കുന്നത്.
Contact us: info@thekeralatoday.com, createandp@gmail.com